Monday, October 17, 2011

നിര്‍മല മാധവ ചരിത്രം

നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ് നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി.
ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന് ഉപദേശിക്കുകയും ചെയ്തു.ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

Wednesday, September 28, 2011

ബംഗാളിലെ അസ്ഥികൂടകൃഷി

ബംഗാളില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്.കെ.പി
കമ്മ്യൂണിസം എന്ന വാക്കിനു മനുഷ്യസ്നേഹം എന്ന അര്‍ത്തമുന്ടെന്നും നല്ലൊരു കമ്മ്യൂണിസ്റാവുകയെന്നാല്‍ കൂടുതല്‍ മനുഷ്യസ്നേഹിയാവുക എന്നതാണു വിവക്ഷയെന്നും മഹാനായ ലെനിന്‍ പറഞ്ഞുവച്ചിട്ടുണ്ട്.
ബംഗാളില്‍ നിന്നു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസവും മനുഷ്യസ്നേഹവും എന്നത് ഇവിടെ എത്ര അകലത്തിലായിരുന്നുവെന്നു ബോധ്യപ്പെടും. നീണ്ട 35 വര്‍ഷത്തെ ബംഗാളിലെ കമ്മ്യൂണിസ്റ് ഭരണത്തിന്റെ കൊലപാതകങ്ങളും മനുഷ്യാവകാശലംഘനങ്ങളും അഴിമതികളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതൊരു കമ്മ്യൂണിസ്റിനെയും വേദനിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇവ.
ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റേണ്ട സംഭവങ്ങള്‍ എന്തുകൊണ്ടോ  ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ദേശീയതലങ്ങളില്‍ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍ തമസ്കരിക്കപ്പെട്ടുപോയതാവാം ഇത്.
മൂന്നുമാസം മുമ്പ് അഞ്ച് അസ്ഥിപഞ്ജരങ്ങള്‍ മുന്‍ മന്ത്രിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തിരുന്നുവല്ലോ . ഒമ്പതുവര്‍ഷം മുമ്പു കാണാതായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണിതെന്നു തെളിയുകയും ചെയ്തു. ക്രൂരമായ ഈ കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള സംഭവങ്ങളാണ് സി.ബി.ഐ അന്വേഷണത്തില്‍ പുറത്തുവന്നത്.
ബംഗാള്‍ മുന്‍ വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷിന്റെ നിര്‍ദേശാനുസരണം സി.പി.എമ്മിന്റെ ഗുണ്ടകള്‍ അഞ്ചുപേരെ വെടിവച്ചുകൊന്നതാണെന്ന തെളിവുകള്‍ പുറത്തുവന്നു. ശവശരീരങ്ങള്‍ മറവുചെയ്തത് സുശാന്ത് ഘോഷിന്റെയും മറ്റു സി.പി.എം പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നുവെന്നതിനു ശക്തമായ തെളിവുകളുണ്െടന്ന് സി.ബി.ഐ  അവകാശപ്പെടുന്നു. സംസ്ഥാന സി.പി.എം നേതൃത്വം ഇതു പാടേ നിഷേധിക്കുകയും രാഷ്ട്രീയ പകപോക്കലാണിതെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണങ്ങളാണ് തുടരുന്നതെന്നാണു ജനങ്ങള്‍ കരുതുന്നത്. സപ്തംബര്‍ മാസത്തില്‍ മുന്‍ മന്ത്രിയെയും നിരവധി സി.പി.എമ്മുകാരെയും പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് സി.പി.എം ഭരണം കൊടികുത്തിവാണിരുന്ന കാലത്ത് ഒമ്പതുവര്‍ഷം മുമ്പാണ് സംഭവങ്ങള്‍ നടന്നത്. 2002 സപ്തംബര്‍ 22, 23, 24 തിയ്യതികളിലാണ് ആസൂത്രിതമായി അഞ്ചുപേരെ വെടിവച്ചുകൊന്നത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു സി.പി.എം വാദിക്കുമ്പോള്‍ രാഷ്ട്രീയകാരണങ്ങളാലാണ് അഞ്ചുപേരെയും കൊന്നതെന്നു തെളിവുകള്‍ വെളിപ്പെടുത്തുന്നു. വെടിവച്ചുകൊന്ന ഒരാളുടെ കഥ കേള്‍ക്കുക. കേശ്പൂര്‍ ഗ്രാമത്തിലെ സാധാരണ കൃഷിക്കാരനും പൊതുപ്രവര്‍ത്തകനുമായിരുന്നു അജയ് ആചാര്യ. കൃഷിയിടങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള സി.പി.എമ്മിന്റെ ഗുണ്ടാവിളയാട്ടത്തെ അജയ് ആചാര്യയും കൂട്ടുകാരും ശക്തമായി എതിര്‍ത്തുപോന്നു. നിരന്തരമായ ഭീഷണികളൊന്നും അദ്ദേഹം തരിമ്പും വകവച്ചില്ല. തുടര്‍ന്ന് സി.പി.എമ്മിന്റെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ മുന്‍വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷ് അദ്ദേഹത്തെയും കുടുംബത്തെയും പരസ്യമായി ഭീഷണിപ്പെടുത്തി. തങ്ങള്‍ പറയുന്നമാതിരി കേട്ടില്ലെങ്കില്‍ അജയ് ആചാര്യയെ നാമാവശേഷമാക്കുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.
മന്ത്രിയുടെ ആഹ്വാനം പാര്‍ട്ടിക്കാര്‍ ഉടനെ നടപ്പാക്കുകയും ചെയ്തു. അവര്‍ സംഘടിതമായെത്തി അജയ് ആചാര്യയുടെ കൃഷിയിടം കൈയേറി. അവിടെ ചെങ്കൊടി നാട്ടി. ഇവിടെ മേലില്‍ കൃഷിചെയ്യാന്‍ അനുവദിക്കുകയില്ലെന്നു സഖാക്കള്‍ ഉടമസ്ഥനെ ഭീഷണിപ്പെടുത്തി.
ധീരനും ജനസമ്മതനുമായ അജയ് ആചാര്യ ഈ അക്രമത്തിനെതിരേ പോലിസില്‍ പരാതി നല്‍കി. പരാതി വാങ്ങി വായിച്ചുപോലും നോക്കാതെ പോലിസുകാര്‍ സ്റ്റേഷനില്‍ വച്ച് തന്നെ കീറിക്കളഞ്ഞു. മേലില്‍ സ്റ്റേഷനില്‍ വന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. പരാതികൊടുത്തു എന്നതിന്റെ പേരില്‍ പോലിസും സി.പി.എം ഗുണ്ടകളും ഇദ്ദേഹത്തെ നിരന്തരമായി ആക്രമിച്ചു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബാംഗങ്ങളെ ഓരോരുത്തരെയും ഭീഷണിപ്പെടുത്തി. ഏതുനിമിഷവും വധിക്കപ്പെടുമെന്ന നില വന്നപ്പോള്‍ അജയ് ആചാര്യ നാടുവിട്ടു. അതോടെ യാതൊരു വരുമാനമാര്‍ഗങ്ങളുമില്ലാതെ കുടുംബം കടുത്ത ദാരിദ്യ്രത്തിലമര്‍ന്നു. നാടുവിട്ട് അജയ് ആചാര്യ മിഡ്നാപൂരില്‍ എത്തിപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദുരിതാശ്വാസക്യാംപില്‍ അഭയംനേടിയ അദ്ദേഹം മൂന്നുവര്‍ഷം അവിടെ കഴിഞ്ഞു. കുടുംബത്തില്‍ കലശലായ പട്ടിണിയാണെന്നറിഞ്ഞ അദ്ദേഹം 2002 സപ്തംബര്‍ 22നു കാലത്ത് തന്റെ ഗ്രാമത്തിലെത്തി. വീട്ടിലേക്കു നടന്നുവരുമ്പോള്‍ സി.പി.എമ്മിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ ഇടവഴിയില്‍ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെ ഗുണ്ടാപ്പടയെ പേടിച്ച് അവര്‍ക്കാര്‍ക്കും സത്യം പറയാന്‍ ധൈര്യമില്ലാതായി. അന്ന് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അവരുടെ ഗതിയും ഇതുതന്നെയാവുമായിരുന്നു. വെടിവച്ചശേഷം അജയ് ആചാര്യയുടെ മൃതദേഹം അവര്‍ അവിടെ നിന്ന് ഒരു വാഹനത്തില്‍ എടുത്തുകൊണ്ടുപോയി.
അജയ് ആചാര്യയുടെ ചെറുപ്പക്കാരനായ മകന്‍ ശ്യാംലാല്‍ തന്റെ പിതാവിന്റെ മൃതദേഹമെങ്കിലും കണ്ടുകിട്ടാന്‍ മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ പോലിസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പോലിസാണെങ്കില്‍ ഇങ്ങനെയൊരു സംഭവം നടന്നതുതന്നെ അറിഞ്ഞതായി നടിച്ചില്ല. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. ക്ഷുഭിതനായ ശ്യാംലാല്‍ തന്റെ പിതാവിനെ വകവരുത്തിയ 40 സി.പി.എമ്മുകാരുടെ പേരുകളടങ്ങിയ എഫ്.ഐ.ആര്‍ സ്വന്തമായി എഴുതിയുണ്ടാക്കി പോലിസ് സ്റ്റേഷനിലേക്ക് രജിസ്ട്രേഡ് ആയി അയച്ചുകൊടുത്തു. ഈ പ്രതിപ്പട്ടികയില്‍ മന്ത്രി സുശാന്ത് ഘോഷിന്റെ പേരാണ് ആദ്യത്തേത്. ഇതിന് ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നു. ആ എഫ്.ഐ.ആറാണ് ഘോഷിന്റെയും സഹായികളുടെയും അറസ്റ്റിനു വഴിവച്ചതെന്നത് വൈപരീത്യമാവാം.
ഘോഷിന്റെ അയല്‍ക്കാരനും 68കാരനുമായ മധുരമാരിക്കിന്റെ വെളിപ്പെടുത്തലോടെയാണ് ഘോഷിന്റെ ബേനാശാഗ്രയിലെ തറവാട് വീട്ടുവളപ്പില്‍ കുഴിച്ചിട്ട അസ്ഥിപഞ്ജരങ്ങള്‍ കണ്ടെടുക്കാനായത്
ഇവിടെയെത്തിയ ശ്യാംലാല്‍ തന്റെ പിതാവ് അജയ് ആചാര്യയുടെ അസ്ഥിപഞ്ജരം തിരിച്ചറിഞ്ഞിരുന്നു. പല്ലും വസ്ത്രഭാഗങ്ങള്‍കൊണ്ടും ശ്യാംലാലിന്റെ ഡി.എന്‍.എ സാംപിളും പിതാവിന്റേതെന്നു വാദിച്ച അസ്ഥിപഞ്ജരങ്ങളും പൊരുത്തപ്പെട്ടതുകൊണ്ടുമാണ് ഇങ്ങനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ശവങ്ങള്‍ കുഴിച്ചിടുന്നത് നേരില്‍ക്കണ്ട മധുരമാരിക്കിന് അന്നേ ഇക്കാര്യം പുറംലോകത്തെ അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ഗുണ്ടാസംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പുറത്തുപോവാന്‍പോലും അനുവദിച്ചില്ല. സംസ്ഥാനത്ത് സി.പി.എമ്മിന്റെ അടിത്തറ തകര്‍ന്ന് ഭരണമാറ്റം ഉണ്ടായപ്പോഴാണ് മധുരമാരിക്ക് താന്‍ ഒമ്പതുവര്‍ഷം മുമ്പു കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ മുമ്പോട്ടുവന്നത്. അന്നു ശവം മറവുചെയ്യാന്‍ മുന്‍നിരയിലുണ്ടായ ഘോഷിന്റെ സഹായി മദന്‍ സാഗ്ര എന്നയാളെ മധുരമാരിക്ക് തിരിച്ചറിഞ്ഞതോടെ കൊലപാതകപരമ്പരകളുടെ ചുരുള്‍ അഴിയുകയായിരുന്നു. മുന്‍മന്ത്രി ഘോഷിനെതിരേ കൊലപാതകക്കുറ്റങ്ങള്‍ മാത്രമല്ല, പണാപഹരണം ഉള്‍പ്പെടെയുള്ള കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്.

Monday, April 11, 2011

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല
"മിയാന്‍ തുഫൈല്‍ മുഹമ്മദ്, ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍- പായലേ വിട, പൂപ്പലേ വിട, എന്നെന്നേക്കും വിട''- ജമാഅത്തെ ഇസ്ലാമിയുടെ  മുന്‍ രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ പാര്‍ട്ടി അംഗത്വമടക്കം സകലതും കനോലി തോടിലേക്കു വലിച്ചെറിഞ്ഞ് ഹിറാ സെന്ററില്‍ നിന്നു പുറത്തുകടന്നതിനെ തുടര്‍ന്നുണ്ടായ അമര്‍ഷം ഏതോ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ എസ്.എം.എസ് വഴി പ്രചരിപ്പിച്ചതാണ് പരാമൃഷ്ട വാചകം. എന്നാല്‍, ഉപഭൂഖണ്ഡത്തിലെ ജമാഅത്തിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ നിന്നു കുടിയൊഴിഞ്ഞുപോയ പൂപ്പലുകളുടെ പേരുവിവരം പറയവെ അതിന്റെ തുടക്കംതന്നെ വിവരക്കേടായി. പാക് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു രാജിവച്ചു പുറത്തുപോയ ആള്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ് എന്ന താരതമ്യേന വിവരംകുറഞ്ഞ അതിന്റെ മുന്‍ അമീര്‍ അല്ല. മറിച്ച്, അമീന്‍ ഹസന്‍ ഇസ്ലാഹി എന്ന പ്രശസ്ത പണ്ഡിതനാണ്. ആ മഹാപണ്ഡിതനോടു ചേര്‍ത്തുപറയേണ്ടതല്ല ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍ മുതലായ പേരുകള്‍. വിജ്ഞാനസാഗരമായ മൌലാന വഹിദുദ്ദീന്‍ ഖാന്‍, ശംസ്പീര്‍ സാദാ, സയ്യിദ് ഹാമിദലി മുതലായ പ്രഗല്ഭമതികളായ പ്രതിഭാധനന്മാരുടെ ഒരു നിരതന്നെയുണ്ട് അക്കൂട്ടത്തില്‍ കൂട്ടേണ്ടതായി.

എന്നെ പുറത്തേക്കെറിയാന്‍ ജമാഅത്ത്നേതാവ് ശെയ്ഖ്മുഹമ്മദ് കാരക്കുന്ന് പി.എം.എ സലാം എം.എല്‍.എയോട് പറഞ്ഞ കാരണം, എന്റെ ലേഖനങ്ങള്‍ ജമാഅത്തിനെ മുസ്ലിംലീഗ് അടക്കം ഇതരമുസ്ലിം സംഘടനാ സമുച്ചയത്തില്‍ നിന്ന് അകറ്റാന്‍ കാരണമാക്കുന്നു എന്നായിരുന്നു. ജമാഅത്ത് ചുറ്റുമതിലിനകത്തു നിന്നു ഞാന്‍ പുറത്തായിട്ടു പത്തുവര്‍ഷം പൂര്‍ത്തിയാവാറായി. ലേഖനങ്ങള്‍ മൂലമോ പ്രസംഗങ്ങള്‍ വഴിയോ സംഘടനയ്ക്കുണ്ടായ മുറിവുകള്‍ ഉണങ്ങി തദ്സ്ഥാനത്ത് പുതിയ ചര്‍മം വന്നു ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടാന്‍ ഈ കാലം ധാരാളമാണ്. പക്ഷേ, സംഭവിച്ചതോ? സമുദായത്തില്‍ അതിനോടു കൂട്ടുചേരാനോ അതിന്റെ കുറിയില്‍ നറുക്കുകൂടാനോ ഒരുത്തനുമില്ല. സമ്പൂര്‍ണ ഏകാന്തത. അവസാനം പല മുസ്ലിം സംഘടനകളും കോട്ടക്കല്‍ യോഗംചേര്‍ന്നു ജമാഅത്തിന്റെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു അതിനെ മറമാടേണ്ട തെമ്മാടിക്കുഴി അടയാളപ്പെടുത്തുക കൂടി ചെയ്തു. വീണ്ടും സലാമിനെ കാണുമ്പോള്‍ എന്തുപറയും ശെയ്ഖ് സാഹിബ്. ഇസ്ലാം സമ്പൂര്‍ണമാണ്, സമഗ്രമാണ് എന്ന പരമസത്യംകൊണ്ട് ചോദ്യങ്ങളെ നേരിടാനാവുമോ?

ഇപ്പോഴോ? ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍മുജാഹിദീന്‍ എന്ന ഭീകരപ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം സഹായം ലഭിക്കുന്ന ജമാഅത്ത് കശ്മീരിനെ വേറിട്ടു കാണുന്നവരാണെന്നും ദേശാഭിമാനിയും പാര്‍ട്ടി സെക്രട്ടറിയും നിരന്തരം ആരോപണമുന്നയിച്ചിട്ടും പിണറായിയുടെയും പാലോളിയുടെയും കാല്‍ക്കല്‍ വീണ് പാപമോചനത്തിന്റെ സുജൂദിലേര്‍പ്പെട്ടിരിക്കയാണ് ജമാഅത്ത് നേതൃത്വം.

സി.പി.എമ്മിനോടുള്ള അനുസരണം (ഇബാദത്ത്) നിരുപാധികവും നിര്‍വിശേഷവും ആവണമെന്നു നിര്‍ബന്ധമുള്ളതിനാലാവണമല്ലോ ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും കൂടിക്കാഴ്ചയ്ക്ക് ചട്ടവട്ടം കെട്ടിയ ഹമീദിനെ വിഡ്ഢിയാക്കിക്കൊണ്ട് പിണറായിയുമായി നേതൃത്വം രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയത്. അതും മല പിണറായിയുടെ അടുത്തേക്കു ചെന്നുകൊണ്ട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണെങ്കില്‍ അവര്‍ ഹിറാ സെന്ററിലേക്കു വന്നുകൊള്ളണം; പിണറായിയാണെങ്കില്‍ പിണറായിയില്‍ വച്ചായാലും ആലപ്പുഴയിലെ ശവക്കോട്ട പാലത്തിനപ്പുറത്തുവച്ചായാലും ഞങ്ങള്‍ അങ്ങോട്ടുചെല്ലാം എന്ന വിനീതവിധേയത്വത്തിന്റെ രാഷ്ട്രീയ പൊരുളെന്ത്? ഇതിനെയാണോ കിനാലൂര്‍ ഇംപാക്ട് എന്നു പറയേണ്ടത്? നിലവിലെ വി.എസ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാവണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നൂവെന്നാണു വിശദീകരണം. കൊള്ളാം. എന്നാല്‍ നിലവിലെ വി.എസ് സര്‍ക്കാര്‍, പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെയും മറ്റു നിഷ്പക്ഷ നിരീക്ഷകരുടെയും വിശദീകരണമനുസരിച്ച് പീഡനങ്ങളുടെയും വഞ്ചനയുടെയും തുടര്‍ക്കഥയാണ്.

അതായത്, 2006ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിനെ ജമാഅത്ത് കലവറകൂടാതെ പിന്താങ്ങി. ജമാഅത്തിന്റെയും യജമാനന്റെയും വോട്ട് കൂട്ടിയപ്പോള്‍ ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നല്ല ഭൂരിപക്ഷം കിട്ടി. എന്നാല്‍, സത്യപ്രതിജ്ഞ കഴിഞ്ഞ് ദര്‍ബാര്‍ഹാളിലെ ആരവം അടങ്ങുംമുമ്പേ കോഴിക്കോട് മാവൂര്‍റോഡിലെ പാര്‍ട്ടി ഓഫിസായ ഹിറാ സെന്ററില്‍ നിന്ന് അന്നേരം മുഴങ്ങിയത് ഒരാര്‍ത്തട്ടഹാസമാണ്. ഏതോ ഒരു ഭീകരപുസ്തകം (ബോംബല്ല) കണ്ടുകെട്ടാന്‍ ചാനലുകളെ മുന്‍കൂട്ടി വിവരമറിയിച്ചശേഷം മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ കോടിയേരി പോലിസ് ഹിറാസെന്റര്‍ പരതാന്‍ പാഞ്ഞെത്തിയത് അന്തേവാസികളെ അമ്പരപ്പിച്ചു. തടിയന്റവിടനസീര്‍ ജയിലില്‍ പോവുംമുമ്പ് വായിച്ച പുസ്തകങ്ങളിലൊന്ന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മൌദൂദിയുടെ ഏതോ ഒരു പുസ്തകമാണ്. ആ പുസ്തകമായിരുന്നുവത്രെ പോലിസിന്റെ ലക്ഷ്യം. വഷളാക്കലല്ല, പുസ്തകം പിടിച്ചെടുക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഒരു പ്യൂണിനെ അയച്ച് പ്രസ്തുത പുസ്തകം കസബ സ്റേഷനിലെത്തിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ കവിഞ്ഞാല്‍ അര മണിക്കൂറിനകം അതവിടെ എത്തിക്കുമായിരുന്നു എന്നിരിക്കെ എന്തിനായിരുന്നു പ്രസ്തുത നാടകം?

തുടര്‍ന്നങ്ങോട്ട് ഇടതുഭരണകൂടവും പാര്‍ട്ടിയും സ്വീകരിച്ച ഓരോനയവും ജമാഅത്തും സര്‍ക്കാരും പരസ്പരം അകന്നകന്നുപോവുമാറ് പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിയാനഗര്‍ത്തങ്ങളുടെ പരമ്പരകളായിരുന്നു. അധിനിവേശത്തിനും ആഗോളവല്‍ക്കരണത്തിനും നവലിബറലിസത്തിനുമെതിരായ പോരാട്ടം പ്രഖ്യാപനങ്ങളിലൊതുങ്ങി. നേതാക്കളുടെ മക്കള്‍ സുഖചികില്‍സയ്ക്കും സുഖശീതളമായ അന്തരീക്ഷവായു അന്വേഷിച്ചും ചൂതുകളികേന്ദ്രങ്ങളില്‍ പണമെറിയുന്നതിനും പുറംദ്വീപുകളിലേക്കു ദേശാടനം നടത്തിയപ്പോള്‍ അവരുടെ പിതാക്കന്മാര്‍ ഭരണത്തിന്റെതേരിലിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍മാരെ പരോക്ഷമായി ന്യായീകരിച്ചും അവരുടെ കീശകളില്‍ കണ്ണുവച്ചും കമ്മ്യൂണിസ്റ്റ് എത്തിക്സിനെ പൂര്‍ണമായി കാറ്റില്‍പറത്തി. മന്ത്രി എം.എ ബേബി വിദ്യാഭ്യാസമേഖലയെ കാളക്കൂറ്റന്‍ കടന്ന പിഞ്ഞാണക്കടപോലെ തകര്‍ത്തു തരിപ്പണമാക്കി. ബിഷപ്പുമാരും മെത്രാന്‍മാരും പള്ളി ബെല്ലടിച്ച് അല്മായരെ വിളിച്ചുവരുത്തി ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. ഭരണകൂടവക്താക്കള്‍ ഈ 'നികൃഷ്ടജീവി'കളെ പരസ്യമായി പരിഹസിച്ചു. മദ്റസാ വിദ്യാഭ്യാസം തകര്‍ക്കാനായി പഠനസമയത്തില്‍ മാറ്റംവരുത്താനുള്ള ശ്രമം മുസ്ലിം മതന്യൂനപക്ഷങ്ങള്‍ എതിര്‍ത്തു തോല്‍പ്പിച്ചു. വഖ്ഫ് ബോര്‍ഡിന്റെ തലപ്പത്തും ഏഴാംതരം പാഠപുസ്തകത്തിലും മതമില്ലാത്ത ഖാദറും മതമില്ലാത്ത ജീവനും കടന്നുകൂടിയത് വിശ്വാസികളുടെ ഇശ്കാല്‍ വര്‍ധിപ്പിച്ചു. സച്ചാര്‍കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിനു കാണിച്ച ശുഷ്കാന്തിയില്ലായ്മയ്ക്കെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങി. മലപ്പുറത്തെ അലിഗഡ്സെന്ററിന്റെ കാര്യത്തിലാവട്ടെ, സര്‍ക്കാരിലെ ഒന്നിലേറെ മന്ത്രിമാര്‍ നീക്കിവച്ച സ്ഥലത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും പ്രശ്നം തട്ടിമുട്ടി കൊണ്ടുപോയി ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇതു ജനം തിരിച്ചറിയുന്നൂവെന്നു വന്നപ്പോള്‍ അവസാന നിമിഷം വച്ച് അലിഗഡിനെ പെരിന്തല്‍മണ്ണയില്‍ പണ്ടാരമടക്കി. സച്ചാര്‍കമ്മിറ്റി കേരളത്തിലെത്തിയപ്പോള്‍ പാലോളികമ്മിറ്റിയായി മാറിയെന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്കോളര്‍ഷിപ്പ് തുക വന്‍ കുറവു വരുത്തിയാണ് അത് അവകാശികള്‍ക്കിടയില്‍ വിതരണംചെയ്തത്.

പരിസ്ഥിതിസൌഹൃദ വികസനം കിനാലൂരില്‍ എത്തിയപ്പോള്‍ അതൊരു ചെരിപ്പുമുതലാളിക്കു വേണ്ടിയാണെന്നു പറഞ്ഞ് അതിനെതിരേ എന്‍.ജി.ഒകള്‍ സമരത്തിനിറങ്ങി. അവിടെ വച്ചാണ് ജമാഅത്ത് യുവജനസംഘടനയുടെ തലകോടിയേരി പോലിസ് തല്ലിക്കീറിയത്. കക്കോടിയില്‍ വച്ചും കിട്ടി സോളിഡാരിറ്റിക്കുട്ടികള്‍ക്ക് വളഞ്ഞുവച്ചുള്ള പിടിപ്പത് തല്ല്. വുദു എടുത്ത് ഖുര്‍ആന്‍ ക്ളാസ് കേള്‍ക്കാന്‍ വന്ന ഉമ്മമാര്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ നാലുപാടും ചിതറി ഓടിയെങ്കിലും ആണുങ്ങള്‍ക്ക് രക്ഷപ്പെടാനും വഴിയുണ്ടായില്ല. തല്ലുന്നവരുടെ കൈ തളരുവോളം അവര്‍ തല്ലി. കൊള്ളുന്നവര്‍ തലകീറുവോളം കൊണ്ടു. ഒരു പഠനസദസ്സിനെ ഒന്നാകെ കൈയാങ്കളിക്കു വിധേയമാക്കിയ ഇതുപോലത്തെ അനുഭവം അതിനുമുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല.

ഇതും ഇതുപോലുള്ളതുമായ നിരവധി ക്രൂരതകളും കണക്കിലെടുത്താണ് ഹമീദ് വാണിമേല്‍ ചോദിച്ചത്, ഈ ക്രൂരതയ്ക്ക് ഇനിയും ഒരു തുടര്‍ച്ച വേണോ? ചുരുങ്ങിയത് ജമാഅത്ത്പത്രം പശ്ചിമബംഗാളിലെ ഭരണത്തുടര്‍ച്ചയുടെ ഭീകരമുഖം തുറന്നുകാട്ടുന്ന പരമ്പര പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ അതൊരാവര്‍ത്തി വായിച്ചിട്ടു പോരേ, സി.പി.എം ഭരണത്തുടര്‍ച്ചയ്ക്ക് തിട്ടൂരം പതിച്ചുകൊടുക്കല്‍. പക്ഷേ, പാര്‍ട്ടിക്ക് മറുപടിയുണ്ട്- പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട!

ജാതീയ വര്‍ഗീയ ദ്രുവീകരണത്തിന്റെ അവസാനത്തെസാധ്യതകളും ഉപയോഗപ്പെടുത്തിയ CPIM. -ആരിഫലി
http://www.youtube.com/watch?v=82QeZTg_Qbg&f


AsianetNews Discussion about JIH Vote-2011
കിനാലൂര്‍ പാത

http://www.youtube.com/watch?v=-56v6WDeEbU


http://www.youtube.com/watch?v=5UFHyOFrBOE

Tuesday, March 1, 2011

അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല

അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല
മഹാന്‍മാരായ പ്രവാചകന്മാരുടെ ബോഡി വേസ്റ്റ്- ശരീരവിസര്‍ജ്യം- പരിശുദ്ധമോ അതോ മറ്റേതൊരു മനുഷ്യന്റേതും പോലെ ദൂരെ കളയേണ്ട മാലിന്യമോ? സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടേത് എന്നു പറഞ്ഞു കാന്തപുരം എ.പി വിഭാഗം സുന്നികള്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന തലമുടി(?) കഴുകിയ വെള്ളം പവിത്രമായി കരുതി കുപ്പികളിലും കന്നാസുകളിലുമാക്കി ആളുകള്‍ കൊണ്ടുപോവുന്നതു നേരില്‍ക്കണ്ടപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഈ ആധുനികയുഗത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയില്‍ അമ്പരപ്പു തോന്നിയത്. മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വല്‍ തന്നെ ഈ രോമദര്‍ശനത്തിനു തിരഞ്ഞെടുത്തത് തികച്ചും ബോധപൂര്‍വമാണ്. മകരസംക്രാന്തിനാളില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന വൈദ്യുതി ബോര്‍ഡും സഹകരിച്ചു കര്‍പ്പൂരം കത്തിച്ചുണ്ടാക്കുന്ന പ്രകാശത്തെ ദിവ്യവെളിച്ചമായി ചിത്രീകരിച്ച് ഒരുവശത്തു പാവപ്പെട്ട ഹിന്ദുവിശ്വാസികളെ ഭീകരമായി ചൂഷണം ചെയ്യുമ്പോള്‍, എവിടെനിന്നോ കൊണ്ടുവന്ന ഒരു തലനാര്(?) വെള്ളത്തിലിട്ടു മുക്കി മുസ്ലിംവിശ്വാസികളെക്കൊണ്ടുതന്നെ കുടിപ്പിച്ചു മറ്റൊരു കൂട്ടര്‍ തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അന്ധവിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു. രണ്ടിലുമടങ്ങിയ മഠയത്തരം പകല്‍പോലെ പ്രകടമാണെങ്കിലും തിരഞ്ഞെടുപ്പും വോട്ടുബാങ്കും മുമ്പില്‍ക്കണ്ട് എതിര്‍ശബ്ദം പുറപ്പെടുവിക്കാതിരിക്കാന്‍ ഓരോരുത്തരും പരമാവധി കരുതലെടുക്കുന്നു.

102 പേര്‍ ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുകൊണ്ടുവരാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങിയത്. കാരന്തൂര്‍ മര്‍കസിനു മുമ്പില്‍ നിശ്ചിതദിവസം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്‍ അറിഞ്ഞുതുടങ്ങുകയും തുര്‍ക്കിയിലേതുപോലെ വിശുദ്ധകേശപ്രദര്‍ശനത്തോടനുബന്ധിച്ചു തലമുടി ഉറൂസും മറ്റും വര്‍ഷാവര്‍ഷം അരങ്ങേറുകയും ചെയ്യുമ്പോള്‍, ഗതാഗതക്കുരുക്കിനു ശക്തികൂടി അപകടം സംഭവിക്കുമ്പോള്‍ ഒരുപക്ഷേ, ഇക്കാര്യത്തിലും ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കുമായിരിക്കും. അതുവരെ വിശ്വാസികള്‍ രോമവെള്ളം കുടിച്ചു വയര്‍ വീര്‍പ്പിക്കട്ടെ.

പച്ചമലയാളത്തില്‍ തലമുടി എന്നോ തലനാര് എന്നോ ശിരോരോമമെന്നോ പറയുന്നതിനു പകരം 'ശഅ്റെ മുബാറക്' എന്നാണു മര്‍കസുകാര്‍ തങ്ങളുടെ കൈവശമുള്ള മുടിനാരിനെ പരിചയപ്പെടുത്തിക്കണ്ടത്. അറബിഭാഷയിലുള്ള 'ശഅ്റി'നെ ഉര്‍ദു സ്റൈലില്‍ മുബാറക്കിലേക്കു ചേര്‍ത്തു മുടിയെ രണ്ട് അന്യഭാഷകള്‍ക്കിടയില്‍ ഒളിപ്പിച്ചതിന്റെ ഗുട്ടന്‍സ് സഖാഫി പണ്ഡിറ്റുകള്‍ വിശദീകരിക്കുമായിരിക്കും. തിരുനബിയുടെ തിരുകേശം എന്നോ കശ്മീരികളെപ്പോലെ വിശുദ്ധമുടി എന്നര്‍ഥത്തില്‍ ഹസ്രത്ത് ബാല്‍ എന്നോ പറയാതെ, മുടിയെ ശഅ്റെ മുബാറക്കാക്കിയതു തൊട്ട് ആരംഭിക്കുന്നു ഇത്തരം കാര്യങ്ങളിലുള്ള നിഗൂഢതകള്‍. ഇരിക്കട്ടെ, കാരന്തൂരിലുണ്െടന്നു പറയുന്ന രോമം 1500 വര്‍ഷത്തിനപ്പുറം ജീവിച്ച മുഹമ്മദ് നബിയുടേതു തന്നെയാണ് എന്നു കൃത്യമായി തെളിഞ്ഞാല്‍പ്പോലും പ്രവാചകകേശത്തെ ബഹുമാനിക്കാനും അതു കാലങ്ങളിലൂടെ സൂക്ഷിച്ച് അതു കഴുകിയ വെള്ളം പാനം ചെയ്യാനും വിശ്വാസി ആജ്ഞാപിക്കപ്പെട്ടിട്ടുണ്േടാ എന്നത് ആഴത്തില്‍ പരിശോധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിനു മുമ്പ് കൈയിലിരിപ്പ് തിരുമേനിയുടേതാണെന്നു തെളിയേണ്ടതുണ്ട്. പ്രവാചകശരീരത്തിലെ അല്‍പ്പം രോമങ്ങള്‍ തുര്‍ക്കിയിലെ ടോപ് കാപിയിലും കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിലുമുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നതു വാസ്തവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിന്റെ മുന്‍വശം, വിശുദ്ധകേശം ആ പള്ളിയില്‍ എങ്ങനെ വന്നു എന്നതിനെക്കുറിച്ച രേഖ എഴുതിവച്ചത് ഈ ലേഖകന്‍ വളരെ സമയമെടുത്തു ചേര്‍ത്തുവായിച്ചുനോക്കിയിട്ടുണ്ട്. നബിതിരുമേനിയുടേത് എന്ന് ഉറപ്പിച്ചുപറയാവുന്നവിധം തലമുടികൈമാറ്റത്തിന്റെ പരമ്പര- സനദ്- സമര്‍ഥിക്കുന്ന കാര്യത്തില്‍ പ്രസ്തുത രേഖ അപര്യാപ്തവും അപൂര്‍ണവുമാണ്.

നബി കരീം ഒരു കാര്യം പറഞ്ഞു, അല്ലെങ്കില്‍ ചെയ്തു എന്നു കണിശമായി പറയാന്‍ അംഗീകൃതമായ, എല്ലാവര്‍ക്കുമറിയാവുന്ന ചില മാനദണ്ഡങ്ങളുണ്ട്. നബിയുടെ പേരക്കുട്ടി ഹുസയ്ന്റെ കൈവശമുണ്ടായിരുന്ന തിരുമേനിയുടെ തിരുകേശം ഹുസയ്ന്റെ സന്താനപരമ്പരകളില്‍പ്പെട്ട മദീനയിലെ സയ്യിദ് ഹാമിദിന്റെ പക്കലെത്തിയെന്നും അദ്ദേഹമത് അശ്ഹരി എന്നു പേരായ ഇന്ത്യന്‍ കച്ചവടക്കാരനു വിറ്റുവെന്നും പറയുമ്പോള്‍ അത് ഒരു ആഖ്യാനമേ ആവുന്നുള്ളൂ. ആര്‍ക്കും അത്തരം ചരിത്രം നിര്‍മിച്ചു പറയാം. തലമുടി വിശ്വാസത്തിന്റെയും മതപരമായ അനുഷ്ഠാനത്തിന്റെയും ഭാഗമാവുമ്പോള്‍ സ്വീകാര്യയോഗ്യമായ ഒരു ഹദീസിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്ഠയും കണിശതകളും മുടിയുടെ ഉദ്ഭവത്തിലും അതിന്റെ കൈമാറ്റക്കാര്യത്തിലും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. ഹസ്രത്ത് ബാല്‍ മസ്ജിദിലെ വിശുദ്ധകേശത്തിന്റെ തുടര്‍ന്നുള്ള ചരിത്രം നല്ലൊരു വായനാവിനോദമാണ്. ഈ തലമുടിയെക്കുറിച്ചു മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബ് അറിഞ്ഞു. ചക്രവര്‍ത്തി തലമുടി നബിതിരുമേനിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ വിവിധതരത്തിലുള്ള പരിശോധനകള്‍ നടത്തി (തലമുടി നബിതിരുമേനിയുടേതാണ് എന്നതിനു വിശ്വസനീയമായ രേഖകളും തെളിവുകളുമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു രാസപരിശോധന ആവശ്യമായി വരുമായിരുന്നില്ല!). തന്റെ മുമ്പില്‍ ഹാജരാക്കിയ തലമുടിയില്‍ തേന്‍ പുരട്ടുകയായിരുന്നു രാജാവ് ആദ്യമായി ചെയ്തത്. തിരുനബിയുടേതാണു തലമുടിയെങ്കില്‍ തേന്‍ പുരട്ടിയാലും അതില്‍ ഈച്ച വന്നിരിക്കില്ല. പ്രതീക്ഷിച്ചപോലെ തന്നെ ഔറംഗസീബിന്റെ ലാബിലെ തേന്‍ പുരട്ടിയ തലമുടിയിലും ഒരൊറ്റ ഈച്ചയും വന്നിരുന്നില്ല (ഇതിന്റെ മറ്റൊരു അര്‍ഥം, മുഹമ്മദ് നബിയുടെ ശരീരത്തില്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരീച്ചയും വന്നിരുന്നിട്ടില്ല എന്നുകൂടിയാണ്!).

അടുത്ത പരീക്ഷണം തലമുടി കത്തിക്കലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ തലമുടി പ്രവാചകന്റേതാകയാല്‍ അതു കത്താന്‍ കൂട്ടാക്കിയില്ല. സൂര്യപ്രകാശത്തില്‍ വച്ചു. മുടിക്ക് നിഴലുണ്േടാ എന്നു പരിശോധിക്കലായിരുന്നു അടുത്ത ഘട്ടം. അതിലും മുടി വിജയിച്ചു. തിരുകേശത്തിനു നിഴലില്ല. അതോടെ ഉറപ്പായി, തലനാര് മുഹമ്മദ് നബിയുടേതുതന്നെ. കാന്തപുരം ഗ്രൂപ്പിന്റെ പക്കലുള്ള തലമുടി പരീക്ഷണാര്‍ഥം ഒന്നു കത്തിച്ചുനോക്കാന്‍ ഈയുള്ളവന്‍ ഒരിക്കലും പറയില്ല; അഥവാ, അതു കത്തിപ്പോയാല്‍! ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്. നബിതിരുമേനി ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍ കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്. അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം. അതേയവസരം നബി ശൌച്യം ചെയ്തതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുളിച്ചു ശരീരശുദ്ധി വീന്ടെടുത്തതിനും  നിരവധി തെളിവുകളുണ്ട്. അതിന്റെ വ്യവസ്ഥകളാവട്ടെ, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറെയുണ്ടുതാനും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂലോകത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രവാചകനാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ ആവാത്തപക്ഷം വിശ്വാസം പൂര്‍ണമാവുകയില്ല. എന്നാല്‍, പ്രവാചകനെ അതിമാനുഷനാക്കി അദ്ദേഹത്തെ പരിഹാസ്യനാക്കലല്ല പ്രവാചകസ്നേഹം. 'മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്നു പറയുന്നത് നബിതിരുമേനിക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആണ്. അപ്പോഴേ അദ്ദേഹത്തിനു വെളിപ്പെട്ട ദിവ്യവചനങ്ങള്‍ക്ക് അമാനുഷികത കൈവരൂ. ഒരു സാധാരണ മനുഷ്യനായിട്ടും പ്രതിസന്ധികള്‍ക്കു മുമ്പില്‍ അദ്ദേഹം പര്‍വതം കണക്കെ ഉറച്ചുനിന്നു; കഠിനതരങ്ങളായ പീഡനങ്ങളെ പൂപോലെ നേരിട്ടു; ഭൂമിയോളം ക്ഷമിച്ചു; ജനഹൃദയങ്ങളെ തലമുറ വ്യത്യാസമില്ലാതെ കീഴടക്കി. അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങിയും ഉണര്‍ന്നുമാണ് ഇത്രയും സംഘടിപ്പിച്ചത്. മനുഷ്യസഹജമായ ബലങ്ങളും ദുര്‍ബലതകളുമില്ലെങ്കില്‍ ഈ പറയുന്നതിലൊക്കെ എന്തര്‍ഥമാണുള്ളത്? പ്രവാചകസ്നേഹമെന്നത് തിരുമേനിയുടെ മുടിയോടോ നഖത്തോടോ ഉള്ള സ്നേഹമല്ല. അതായിരുന്നുവെങ്കില്‍ 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരീരമാലിന്യങ്ങള്‍ എടുത്തു സൂക്ഷിക്കാത്ത പൂര്‍വികതലമുറകള്‍ മനുഷ്യരാശിയോടു വന്‍ പാതകമാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് എളുപ്പം മോക്ഷം ലഭിക്കുമായിരുന്ന ചില മാധ്യമങ്ങളാണല്ലോ അവരുടെ അശ്രദ്ധ കാരണം നഷ്ടപ്പെട്ടുപോയത്.

എ പി ഉസ്താദിനോട് ഒരു കാര്യം ഉണര്‍ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്‍ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി ഈ സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്‍ത്തല്ലിനു കളമൊരുക്കേണ്ട.
തേജസ് ഓണ്‍‌ലൈന്‍.


മറുപടി .as received
ആദ്യമായി ഇസ്ലാമിന്റെ ആധികാരിക പ്രമാണമായ സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,
ഇതില്‍ നിന്ന് നബി (സ) യുടെ സഹാബത് അവിടുത്തെ തിരുകേശത്തിനും അവയിട്ട വെള്ളത്തിനും, വസ്ത്രത്തിനും അവ മുക്കിയ വെള്ളത്തിനും മറ്റും നല്‍കിയ ആദരവും അതൊക്കെ ഉപയോഗിച്ച് പുണ്ണ്യം , ബറകത്തു നേടിയെടുക്കാന്‍ കാണിച്ച ആവേശവും ബോദ്യപ്പെടും... അത് കഴിഞ്ഞു വിചാരണ....
1- ഉസ്‌മാനുബ്‌നു അബ്ദുല്ലാഹ് പറയുന്നു : എന്റെ കുടും‌ബം ഒരു പാത്രം വെള്ളവുമായി നബിയുടെ (സ) ഭാര്യയായിരുന്ന ഉമ്മു സലമയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. മഹതിയുടെ അടുക്കല്‍ നബിയുടെ (സ) മുടി സൂക്ഷിച്ച വെള്ളിയാലുള്ള പാത്രം ഉണ്ട്. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റൊ ബാധിച്ചാല്‍ ജനങ്ങള്‍ മഹതിയിലേക്ക് ആളയക്കാറുണ്ട്. (സ്വഹീഹുല്‍ ബുഖാരി ഹദീസ് നമ്പര്‍: 5761)

2- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു وفي "صحيح مسلم " عن أسماء بنت أبي بكر قالت : ( هذه جبة رسول الله صلى الله عليه وسلم ، فأخرجت جبة طيالسة كسروانية لها لبنة ديباج . وفرجاها مكفوفان [ ص: 135 ] بالديباج ، فقالت : هذه كانت عند عائشة حتى قبضت ، فلما قبضت قبضتها ، وكان النبي صلى الله عليه وسلم يلبسها ، فنحن نغسلها للمرضى يستشفى بها
"ഒരു വസ്ത്രം കാണിച്ചുകൊണ്ട് അബൂബകര്‍ സിദ്ധീഖ് (റ) ന്റെ മകള്‍ അസ്മ ബീവി പറയുന്നു ഇത് നബി തിരുമേനി (സ) ധരിച്ചിരുന്ന ജുബ്ബയായിരുന്നു അവിടുത്തെ വഫാതിനു ശേഷം ഇത് ആയിഷ ബീവി സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണശേഷം എനിക്ക് ലഭിക്കുകയും ചെയ്തു, ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഞങ്ങള്‍ ഈ ജുബ്ബ കഴുകി ആവെള്ളം രോഗികളുടെ രോഗ ശമനത്തിനായി നല്‍കാറുണ്ട്" (മുസ്ലിം14/43)

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു "സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു" (ശറഹ് മുസ്ലിം14/44)

3- ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു " أن رسول الله - صلى الله عليه وسلم - أمر الحلاق فحلق رأسه ، ودفع إلى أبي طلحة الشق الأيمن ، ثم حلق الشق الآخر فأمره أن يقسمه بين الناس " .
ഹജ്ജു കഴിഞ്ഞു നബി(സ) തങ്ങള്‍ തന്റെ തലമുടി വടിച്ചു സഹാബി അബൂ തല്‍ഹാ(റ) നെ വിളിച്ചു വലതുഭാകതെ മുടി അദ്ദേഹത്തിന് നല്‍കുകയും ഇടതുഭാഗത്തെ മുടി നല്‍കി ജനങ്ങള്‍ക് വീതിച്ചു നല്‍കാനും കല്‍പ്പിച്ചു (ബുഖാരി)

ഷെയ്ഖ്‌ ഖസ്രജിക്ക് എവിടുന്നാ നബി തങ്ങളുടെ മുടി എന്ന് ചോദിക്കുന്നവരോട് നബി തങ്ങള്‍ ജനങ്ങള്‍ക് നല്‍കിയത് ഖസ്രരജ് ഗോത്രം പരമ്പരാഗതമായി കയ്മാറി വന്നത്... എന്ത് പറയുന്നു?

4- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്. നബി തിരുമേനി (സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല, ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത്. (സഹീഹ് മുസ്ലിം.)

എനി ചോദിക്കട്ടെ.. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു
والسابقون الاولون من المهاجرين والانصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه (തൌബ 100)
മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന സഹാബിമാരായ മുന്‍ഗാമികളും അവരെ (അന്ത്യനാള്‍ വരെ) പിന്തുടരുന്നവരും അള്ളാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൊട്ടു സംത്രപ്താരായിരിക്കുന്നു ..(തൌബ 100)

നബി തങ്ങള്‍ പറഞ്ഞു :-
لا تسبوا أصحابي لا تسبوا أصحابي فوالذي نفسي بيده لو أن أحدكم أنفق مثل أحد ذهبا ما أدرك مد أحدهم ولا نصيفه "നിങ്ങള്‍ എന്റെ സഹാബതിനെ ചീത്തപരയരുത് ഉഹ്ദ് മലയോളം വരുന്ന സോര്‍ണം നിങ്ങള്‍ ചിലവഴിചാലും അവര്‍ ഒരു പിടി ചിവഴിച്ചതിന് തുല്യമാവില്ല"

നബി തങ്ങള്‍ പറഞ്ഞു " أصحابي كالنجوم بأيهم اقتديتم اهتديتم"
എന്‍റെ സഹാബിമാര്‍ നക്ഷത്ര തുല്യരാണ് അവരില്‍ ആരെ നിങ്ങള്‍ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗ സിദ്ധരാണ്.ഞങ്ങള്‍ തിരു കേശം കൊണ്ടും മറ്റും പുണ്ണ്യം ലഭിക്കാന്‍ മത്സരിച്ച സഹാബതിനെ പിന്തുടരുന്നു അതിനു പരിശുദ്ധ ഖുര്‍ആനും നബിതങ്ങളും പൂര്‍ണ പിന്തുണയും നല്‍കുന്നു...

തല്‍കാലം താങ്കള്‍ക്കും മറ്റു പുത്തന്‍ വാദികള്‍ക്കും രണ്ടില്‍ ഒരു വഴി തിരഞ്ഞെടുക്കാം ഒന്നുകില്‍ മുത്ത്‌ നബി(സ) തങ്ങള്‍കും അവിടുത്തെ തിരുശേഷിപ്പുകള്‍ക്കും ഉള്ള പുണ്ണ്യവും മഹത്വവും ഒക്കെ അംഗീകരിച്ചു ഇസ്‌ലാമില്‍ തുടരുക, അല്ലങ്കില്‍ മറ്റൊരു മതം ഉണ്ടാക്കുക പക്ഷെ ആ മതത്തിനു മേലില്‍ ഖുറാനും തിരു സുന്നത്തും തെളിവ് പറഞ്ഞു പോകരുത്....
ഇനി നിങ്ങളുടെ പ്രധാനമുടന്തന്‍ ന്യായങ്ങള്‍
 1 :-സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.

ഇങ്ങനെയൊക്കെചെയ്ത പ്രവാചകന്‍,
തന്റെ തിരു ശേഷിപ്പുകള്‍ സഹാബതിനു നല്‍കി അവ വെള്ളതിലിട്ടും മറ്റും പുണ്യം കരസ്ഥമാക്കാന്‍ അനുവതിച്ചനടപടി തെറ്റാണോ???
എന്തു കൊണ്ട് നബി അത് തടഞ്ഞില്ല??? ഇതിനൊക്കെ സഹാബതിനു വഴിവെച്ചു കൊടുത്തത് നബിയല്ലേ??? എവിടെ പുത്തന്‍ വാദികള്‍? എവിടെ മുജാഹിദ്, ജമാഅത് പുരോഹിതന്‍മാരും അണികളും....

നിങ്ങള്‍ കൊടുക്കുന്ന പ്രാധാന്യമല്ല ഇസ്ലാമിന് വേണ്ടത്.... ഇസ്‌ലാമും അത് നബി തങ്ങളില്‍ നിന്ന് പഠിച്ച സഹാബതും കാണിച്ച മാത്രകകളും പ്രാധാന്യവും അംഗീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഇസ്‌ലാമില്‍ തുടരാം അല്ലങ്കില്‍ വേറെ പണിനോക്കിപോകാം...

മുടന്തന്‍ ന്യായങ്ങള്‍ 2 :-
മുഹമ്മദു നബി(സ)യുടെ കാലശേഷം ഉമര്‍(റ) ഖലീഫ ആയിരുന്നപ്പോള്‍ ഒരു മരം മുറിച്ചു മാറ്റിയിരുന്നു,ആ മരത്തിന്‍റെ കീഴില്‍ ഇരുന്നു നബി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു,അത് മൂലം ആ മരത്തിനരികെ എത്തുമ്പോള്‍ വിശ്വാസികളില്‍ ചില മാറ്റങ്ങള്‍ പ്രകടമായിരുന്നു,ഇത് കാണാനിടയായ ഉമര്‍ (റ)വിശ്വാസികള്‍ വിഗ്രഹാരാധന ,ബഹുദൈവാരാരധാന എന്നിവയിലേക്ക് തിരിയും എന്ന് കരുതിയിട്ടാണ് അത് മുറിച്ചു മാറ്റിയത്. ശരിയായ പ്രഭോധനവുമായിട്ടാണ് കാന്തപുരം മുസലിയാര്‍ ഇറങ്ങിയിട്ടുള്ളത് എങ്കില്‍ ആ തിരുകേശം നശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവണം.

സത്യത്തിനു വേണ്ടി ശബ്ദിക്കുന്ന ഉമര്‍(റ) എന്ത് കൊണ്ട് തിരുകേശം കൊണ്ട്, അവയിട്ട വെള്ളം കൊണ്ട്, വസ്ത്രം കൊണ്ട് പുണ്ണ്യം കരസ്ഥമാക്കാന്‍ ശ്രമിച്ച സഹാബ്തിനെ തടഞ്ഞില്ല.... ഇതിനൊക്കെ വഴിവെച്ചു തന്റെ ശേഷിപ്പ് വിതരണം ചെയ്യുന്ന നബി(സ) തങ്ങളെ ഉമര്‍(റ) ചോദ്യം ചെയ്തില്ല.....ഇസ്ലാമില്‍ ഇത്തരം അന്തവിശ്വാസം , അനാചാരം ഉള്ളത് കൊണ്ട് തവ്ഹീദിന്റെ, കണ്ട കൊടാലികളായ മുജാഹിദ്, ജമാഅത് പുരോഹിതന്മാരും അനുയായികളും എനി എന്ത് ചെയ്യാനാ പരിപാടി???

വേഗം വേറെ ഒരു 'ദീനെ ഇലാഹി' ഉണ്ടാക്കിക്കോ..... അതിനു വേറെ ഒരു ഖുര്‍ആനും, വേറെ ഒരു പ്രവാചകന്‍... നിങ്ങളൊക്കെ ആ പ്രവാചകന്റെ അനുയായികളും... സഭാഷ്.. ഇത് എല്ലാ ചലപി സെന്റെറുകളിലെക്കും , ഇഫ്സാദി സെന്റെറുകളിലെക്കും ഹിറാ മടയിലെക്കും ഫോര്‍വെട് ചെയ്യുക....

മുടന്തന്‍ ന്യായങ്ങള്‍ 3 :-
എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?നബി തങ്ങളുടെ എല്ലാ ശേഷിപ്പും ഉറങ്ങുന്ന, നബി തങ്ങള്‍ തന്നെ ഉറങ്ങുന്ന മക്കയിലും മദീനയിലും തിരുകെശത്തിനു പ്രത്യക കേന്ദ്രം തുടങ്ങേണ്ടആവിശ്യമെന്താ??? പുണ്ണ്യം നേടാന്‍ നബി തങ്ങള്‍ തന്നെയുണ്ടല്ലോ!!!!

കണ്ടിട്ടില്ലേ...ഇപ്പോയുള്ള നബിദിനാഘോഷം എന്ന അനാചാരം കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ് യദാര്‍ത്ഥ മുസ്ലീംകള്‍ ....

ശരിക്കും കപട വിശാസികള്‍ യദാര്‍ത്ഥ മുസ്ലികളെ കൊണ്ട് പൊറുതി മുട്ടാനിരിക്കുന്നെ ഉള്ളൂ, പള്ളി വരട്ടെ...

Tuesday, February 15, 2011

ബംഗാള്‍ മുസ്‌ലിങ്ങള്‍ അരനൂറ്റാണ്ട് പിന്നില്‍



പശ്ചിമബംഗാളില്‍ നിന്ന് എന്‍.പി. രാജേന്ദ്രന്‍

കൊല്‍ക്കത്ത: വിഭജനത്തിന്റെ ചോരപുരണ്ട ഓര്‍മകള്‍ മാഞ്ഞിരിക്കാം, പക്ഷേ, ബംഗാള്‍ മുസ്‌ലിങ്ങള്‍ ഇപ്പോഴും മുഖ്യധാരയുടെ അയലത്തുപോലുമെത്തിയിട്ടില്ല. ജനസംഖ്യാപരമായി കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ ശതമാനമുണ്ട് അവര്‍. എന്നാല്‍ രാഷ്ട്രീയമായി ഏറ്റവും ദുര്‍ബലരാണ്. നാലിലൊന്നിലേറെ വരുന്ന മുസ്‌ലിം ജനതയുടെ പ്രതിനിധികള്‍ ഒരു പാര്‍ട്ടിയിലും നിര്‍ണായക സ്ഥാനങ്ങളിലില്ല.

മുസ്‌ലിം ലീഗ് ജന്മം കൊണ്ട ഭൂവിഭാഗമാണെന്നതൊക്കെ ശരി. ലീഗ് ഇന്നിവിടെ ദുര്‍ബലമായ പാര്‍ട്ടിയാണ്. ഇന്ത്യാവിഭജനത്തോടെ ലീഗ് തീര്‍ത്തും ഇല്ലാതായെങ്കിലും പിന്നീട് പ്രോഗ്രസീവ് മുസ്‌ലിം ലീഗ് ഉണ്ടായി. അവര്‍ക്ക് നിയമസഭയില്‍ പ്രധാനിധ്യവുമുണ്ടായി. ആ പാര്‍ട്ടി പിന്നീട് ലയിച്ചാണ് യൂണിയന്‍ മുസ്‌ലിംലീഗ് ഉണ്ടായത്. പക്ഷേ, ഇന്നും ലീഗിന് മുഖ്യമുന്നണികളിലൊന്നും പ്രവേശനം ലഭിച്ചിട്ടില്ല. അതിനൊരു പ്രധാനകാരണം ലീഗ് ഇതുവരെ തെളിയിച്ചത് അവരുടെ ശക്തിയല്ല, ദൗര്‍ബല്യമാണെന്നതാണ്.

30 ശതമാനം മുസ്‌ലിങ്ങളുണ്ടെങ്കിലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കുറെ സ്ഥലത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് മൂന്നുശതമാനത്തില്‍ താഴെ വോട്ടുമാത്രം. മുപ്പതിലേറെ വര്‍ഷമായി നടക്കുന്ന ഇടതുഭരണം മുസ്‌ലിം ജനതയോട് കടുത്ത അനീതിയാണ് ചെയ്തതെന്ന് ലീഗ് നാഷണല്‍ സെക്രട്ടറിയും സംസ്ഥാനപ്രസിഡന്‍റുമായ ഷഹന്‍ഷാ ജഹാംഗീര്‍ പറയുന്നു. 30 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിങ്ങള്‍ക്ക് ഭരണസംവിധാനത്തിലുള്ള പ്രാതിനിധ്യം മൂന്നുശതമാനമേ ഉള്ളൂ എന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്.

ആ മൂന്നുശതമാനം പോലും അറുപതുകളിലും എഴുപതുകളുടെ ആദ്യവും കോണ്‍ഗ്രസ് ഭരണകാലത്ത് പ്രത്യേക പരിഗണന നല്‍കി നടത്തിയ നിയമനങ്ങള്‍ വഴിയാണ്. അവരെല്ലാം റിട്ടയര്‍ ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ ഒരു ശതമാനം പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മുസ്‌ലിങ്ങളായി ഉണ്ടാവില്ല - ജഹാംഗീര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് വളര്‍ന്നാല്‍ തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളോര്‍ത്താണ് എല്ലാ പാര്‍ട്ടികളും ലീഗിനെ ഭയപ്പെടുന്നത്. മുസ്‌ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള എഴുപത്തഞ്ചിലേറെ മണ്ഡലങ്ങളുണ്ട്. കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ഇരട്ടി ശക്തിയുണ്ടാക്കാനാകും ഇവിടെ ലീഗിന്. അത് മുഖ്യധാരാപാര്‍ട്ടികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിലാണ് മുസ്‌ലിങ്ങള്‍. വിദൂര ഗ്രാമങ്ങളില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത മുസ്‌ലിം കുടുംബങ്ങളേറെയാണ്. ഒരു പദ്ധതി പോലും ഇവര്‍ക്കായി ഭരണക്കാര്‍ ആസൂത്രണം ചെയ്തിട്ടില്ല. മുസ്‌ലിങ്ങള്‍ക്ക് ഈയിടെ പ്രഖ്യാപിച്ച തൊഴില്‍ സംവരണം പോലും ഗുണം ചെയ്യില്ല. കാരണം ആവശ്യമുള്ള യോഗ്യതയുള്ളവരില്ല. മൂന്നുശതമാനം മുസ്‌ലിം കുട്ടികളേ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളൂ.

പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും പിന്നിലാണ് മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം. പല ജാതിക്കാര്‍ക്കും സര്‍വകലാശാലകള്‍ അനുവദിച്ച സര്‍ക്കാര്‍ ഒന്നുപോലും മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ നിന്ന് കിട്ടിയ സഹായം പോലും ഇവിടത്തെ സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന് ജഹാംഗീര്‍ വ്യസനത്തോടെ പറഞ്ഞു.

മത്സരിക്കാന്‍ ഒരു സീറ്റ് പോലും മമത ബാനര്‍ജി നല്‍കില്ലെങ്കില്‍ പോലും ഇത്തവണ ഇടതുഭരണത്തിനെതിരെ വോട്ടുചെയ്യാനാണ് ലീഗിന്റെ തീരുമാനം. തനിച്ച് മത്സരിക്കാന്‍ കഴിയാഞ്ഞിട്ടല്ല, പക്ഷേ, അത് ഇടതുകക്ഷികള്‍ക്ക് ഗുണമാകുമെന്നതിനാലാണ് ചെയ്യാത്തത്. മദ്രസകള്‍ മുളച്ചുപൊന്തുന്നതു കൊണ്ടാണ് തീവ്രവാദം ഉണ്ടാകുന്നതെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിയാണ് ഇടതുമുന്നണിയുടേത്.

ബംഗാളിലെ മദ്രസയില്‍ പഠിച്ചുവളര്‍ന്ന ഒരു തീവ്രവാദിയുടെ പേര് പറയാന്‍ താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചുവെന്നും ജ്യോതിബസു ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട ശേഷമാണ് ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതെന്നും ജഹാംഗീര്‍ വ്യക്തമാക്കി.

നാല് പതിറ്റാണ്ടിലേറെയായി ബംഗാളില്‍ വര്‍ഗീയ കലാപമില്ല എന്നത് വലിയ നേട്ടം തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു. അത് ഇടതുസര്‍ക്കാറിന്റെ മാത്രം നേട്ടമല്ല. മതസൗഹാര്‍ദത്തിന് ദോഷമുണ്ടാകുന്ന ഒരു പ്രവര്‍ത്തനവും ലീഗ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളില്‍ നിന്നുണ്ടാകാറില്ല,

ഉണ്ടാവുകയുമില്ല. ഇതൊക്കെയാണെങ്കിലും മുസ്‌ലിം യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ അത്യപൂര്‍വം സ്വകാര്യസ്ഥാപനങ്ങളേ മുന്നോട്ടുവരുന്നുള്ളൂ എന്ന കാര്യത്തില്‍ കയറ്റുമതി വ്യവസായിയും മിഡ്‌നാപ്പുര്‍ നവാബിന്റെ പിന്‍മുറക്കാരനും ഫിക്കി മുന്‍ പ്രസിഡന്‍റുമായ ജഹാംഗീറിന് സങ്കടമുണ്ട്. ഇക്കാര്യത്തില്‍ ഇവിടത്തെ തൊഴിലുടമസ്ഥര്‍ വിഭജനകാലത്തെ വൈരത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ല. താണ ജാതിക്കാരെയും മുസ്‌ലിങ്ങളെയും നിയമിച്ചാല്‍ സ്ഥാപനം അശുദ്ധമാകുമെന്ന് തന്നോട് കാര്യമായി പറഞ്ഞ വ്യവസായികളുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
http://www.mathrubhumi.com/story.php?id=158980

Thursday, February 3, 2011

സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നു


 യൂസുഫലി നീ നമ്മന്റെ മാനം കാത്തു 

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിരാമമിട്ട് കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കരാറില്‍ സംസ്ഥാന സര്‍ക്കാരും ടീകോം കമ്പനിയും ഒപ്പുവച്ചു.

ദുബയ് സര്‍ക്കാര്‍ പ്രതിനിധികളും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്മാര്‍ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേരളം മുന്നോട്ടുവെച്ച ഡിമാന്റുകള്‍ ഒരുപരിധി വരെ അംഗീകരിച്ചുകൊണ്ടാണ് കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നത്. പുതിയ ധാരണപ്രകരം പ്രത്യേക സാമ്പത്തിക മേഖലയില്‍ 12 ശതമാനം ഭൂമിയില്‍ ടീകോം കമ്പനിയ്ക്ക് സ്വതന്ത്രവകാശം ലഭിയ്ക്കും. എന്നാല്‍ വില്‍പനാവകാശം ടീകോമിന് ഉണ്ടാവില്ല. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ദുബയ് പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.



ദുബയ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്.










ദുബയ് പ്രതിനിധികളുമായി ഒപ്പിട്ട കരാര്‍ വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കും. ധാരണയിലെ വിശദാംശങ്ങള്‍ വൈകിട്ട് നാലുമണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.