Thursday, July 15, 2010

ഇടതുപക്ഷത്തിന്റെ അധപതനം

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ (5/7/10)ദിനത്തില്‍ ഒരു കുടുംബത്തിന് സഹിക്കേണ്ടി വന്ന അപമാനം ലജ്ജയോടുകൂടി മാത്രമേ ഏതൊരു മലയാളിക്കും ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ. ആ കുടുംബനാഥന്റെ വേദനകള്‍ ഇന്നത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് കോപ്പി എടുത്ത് താഴെ പേസ്റ്റ് ചെയ്യുന്നു. നാളെ പത്രത്തിന്റെ ആ ലിങ്ക് കിട്ടിയില്ലെങ്കിലോ. എത്ര ആസൂത്രണമായാണ് സഖാക്കള്‍ തങ്ങള്‍ക്ക് അനഭിമതരായവരെ തേജോവധം ചെയ്യാന്‍ വേണ്ടി കരുക്കള്‍ നീക്കുന്നത്. ക്യാമറയുള്ള മൊബൈലുമായി ചില സഖാക്കള്‍ അബ്ദുള്ളക്കുട്ടി എം.എല്‍. ഏ. യെ വളയുന്നു. അപ്പോള്‍ തന്നെ കൈരളിയിലും പീപ്പിള്‍ ചാനലിലിലും ഫ്ലാഷ് വാര്‍ത്തകള്‍ തെളിയുന്നു. ഒരു സീപീയെം എമ്മെല്ലേ അസംബ്ലിയില്‍ സംഗതി പ്രഖ്യാപിക്കുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് സഭയില്‍ വായിച്ച ആഭ്യന്തരമന്ത്രി ഹര്‍ത്താല്‍ അനുകൂലികളെ പേടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് അബ്ദുള്ളക്കുട്ടിയെന്നും വേറൊരു കാറിലാണ് സ്ത്രീയും കുടുംബവും എന്നും പറഞ്ഞെങ്കിലും ഗണ്‍‌മാന്‍ ഇല്ലാതെ നടത്തിയ ആ യാത്രയില്‍ ദുരൂഹതകള്‍ ഉണ്ടെന്നും പറയാന്‍ മറന്നില്ല. അതാണ് മാര്‍ക്സിസ്റ്റ് തന്ത്രം. എന്തിലും ദുരൂഹത ആരോപിക്കുക. അപ്പോള്‍ ഒക്കെ നിരപരാധിയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും മകനും അനുഭവിക്കേണ്ടി വരുന്ന മന:പ്രയാസം സഖാക്കള്‍ക്ക് പ്രശ്നമേയല്ല. ഇരയെ എങ്ങനെ തേജോവധം ചെയ്യാം എന്നത് മാത്രമാണ് ചിന്ത.

ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം - വേദനയോടെ പ്രസാദ് പറയുന്നു.

അബ്ദുള്ളക്കുട്ടി സീപീയെമ്മിന്റെ നോട്ടപ്പുള്ളിയാണ്. സാധാരണഗതിയില്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയ ഒരാളെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടി അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു തരം മാഫിയനീതി തന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കാറ്. അബ്ദുള്ളക്കുട്ടിക്കും ഇക്കാര്യം നന്നായി അറിയാം. പെണ്ണ്കേസില്‍ കുടുക്കുകയാണ് ഒരാളെ കരിവാരിത്തേക്കാന്‍ കേരളത്തില്‍ ഏറ്റവും എളുപ്പം. തരം കിട്ടിയാല്‍ കൊല്ലും. അത് അത്ര എളുപ്പമല്ലാത്തത്കൊണ്ടാണ് ഈ രീതി പരീക്ഷിക്കുന്നത്. ഇനിയിപ്പോള്‍ കേരളത്തില്‍ കുടുംബസമേതം സഞ്ചരിക്കുകയെന്നത് അത്യന്തം റിസ്ക് ഉള്ള ഏര്‍പ്പാടാണ്. സീപീയെമ്മിന് പഴി തീര്‍ക്കാനുള്ള ആരെങ്കിലും മുന്നിലോ പിന്നിലോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഗതി ഗോവിന്ദ തന്നെ. സീപീയെം ഇത്ര അധ:പതിച്ചു പോയല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് അന്ന് അങ്ങനെ ചെയ്തില്ലേ എന്നാണ് ന്യായീകരിക്കുന്നത്. ഒരു കോണ്‍ഗ്രസ്സ് ഉള്ളത്കൊണ്ട് സഖാക്കള്‍ക്ക് എന്ത് ചെറ്റത്തരവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടിയ പോലെയാണ്.

ഈ ഇടത്പക്ഷം എന്ന് പറഞ്ഞാല്‍ എന്താണ് പ്രത്യേകത. കോണ്‍ഗ്രസ്സ് ഇങ്ങനെയെല്ലാം ചെയ്തത്കൊണ്ടും ചെയ്യുന്നത്കൊണ്ടും ഞങ്ങളും നിങ്ങള്‍ പറയുന്ന എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്നല്ലാതെ എന്തെങ്കിലും നന്മകള്‍ ചെയ്യുന്നതായി മാര്‍ക്സിസ്റ്റുകള്‍ പോലും അവകാശപ്പെടുന്നില്ല. സമരം ചെയ്ത് സകലതൊഴില്‍ശാലകളും പൂട്ടിച്ച് മലയാളികളെ മൊത്തം നാട് കടത്തി. നാട് വിട്ട പ്രവാസികള്‍ക്ക് നാട്ടില്‍ വീടുകള്‍ നിര്‍മ്മിക്കാമെന്നല്ലാതെ സ്വന്തം നാട്ടില്‍ തിരിച്ചു വന്നു ഇനി ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. മദ്യവും ലോട്ടറിടിക്കറ്റും പ്രചരിപ്പിച്ച് ഇവിടെ ബാക്കിയുള്ളവരെ ലഹരിയിലും വ്യാമോഹത്തിലും കുടുക്കിയിട്ടു. സ്വാശ്രയസമരം ചെയ്തും മറ്റും വിദ്യാഭ്യാസരംഗം കലുഷിതമാക്കി. ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായി. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത് സകല ഐടി പ്രൊഫഷണലുകളെയും ഓടിച്ചു. എല്ലാം പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് അംഗീകരിക്കുക. അപ്പോഴേക്കും ആരാണിവിടെ തിരിച്ചു വരിക? വന്നാല്‍ വരുന്ന ദിവസം തന്നെയുണ്ടാവും ഒരു ഹര്‍ത്താല്‍ . ഞാന്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഇടത്പക്ഷം എന്ന് പറയുന്നതിന്റെ മേന്മയോ മികവോ എന്താണ് എന്നാണ്. ഒരു നല്ല കാര്യം എന്തെങ്കിലും ഈ ഇടത്പക്ഷം ചെയ്യുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടുന്നുണ്ടോ? കേരളത്തില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയതും ആളുകളുടെ കൈയ്യും കാലും വെട്ടിയതും സി.പി.എം.കാരാണ്. എന്നിട്ടെന്താ അവര്‍ അതൊക്കെ നിര്‍ത്തിയോ? ഇല്ല. ഇനിയിപ്പോ ഭരണം അവസാനിച്ചാല്‍ എത്ര പേരെ അവര്‍ കൊല്ലുമെന്ന് വല്ല കണക്കുമുണ്ടോ? സീപീയെംകാരുടെ ആക്രമണങ്ങള്‍ മുഴുവനും എഴുതാന്‍ തുടങ്ങിയാല്‍ അതിന് ആയിരക്കണക്കിന് പേജുകള്‍ വേണ്ടി വരും. മറ്റേത് തീവ്രവാദ-ഭീകരവാദ സംഘടനകളേക്കാളും കേരളം പേടിക്കേണ്ടത് മാര്‍ക്സിസ്റ്റുകളെയാണ്. വഴി നടക്കാന്‍ പോലും. ഇതൊക്കെയാണ് ഈ ഇടത്പക്ഷമെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ, വലത്പക്ഷത്തെ നമ്മള്‍ പേടിക്കേണ്ടി വരുന്നില്ലല്ലൊ. അപ്പോള്‍ ഇടത്പക്ഷത്തേക്കാളും എത്രയോ ഭേദമല്ലേ വലത്പക്ഷം.

ഇല്ല! ഇനി കേരളത്തിലേക്കില്ല!

http://kololambu.blogspot.com/2010/07/blog-post_15.html

1 comment:

മുക്കുവന്‍ said...

ഒരു കോണ്‍ഗ്രസ്സ് ഉള്ളത്കൊണ്ട് സഖാക്കള്‍ക്ക് എന്ത് ചെറ്റത്തരവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടിയ പോലെയാണ്... ഇതു തന്നെയാണു പ്രശ്നം! വലതന്മാ‍ര്‍ എന്ത് കൈയില്‍ കിട്ടിയാലും പോക്കറ്റിലാ‍ക്കാന്‍ നോക്കും. ഇടതന്മാര്‍ അത് പാര്‍ട്ടിയുടെ കൈയിലാക്കാനും.. ഒരു വ്യത്യാസവുമില്ലാ..