Tuesday, September 11, 2012

എന്തുകൊണ്ട് എമര്‍ജിങ് കേരള - മുഖ്യമന്ത്രി


*എമര്‍ജിങ് കേരള-ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി*

''നീണ്ട ഇരുപതുവര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?'' പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. ''ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?'' ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്.

കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതുപറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതിവന്നിട്ട് എത്രനാളായി? വിവാദങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നു.

എമര്‍ജിങ് കേരളയോടനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാല വരെ അതില്‍ ഇടംപിടിച്ചു. വി.വി.ഐ.പി.കള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് എസ്.പി.ജി.യുടെ നിര്‍ദേശപ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമര്‍ജിങ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമര്‍ജിങ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാറിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു നല്കും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്‌സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്ക് പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാതപഠനവും ഉണ്ടാകും... ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമര്‍ജിങ് കേരളയെ സ്വാഗതം ചെയ്തു.

എന്നിട്ടും എമര്‍ജിങ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. മുഖത്തോടുമുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശയങ്ങളേ ഉള്ളൂ. പക്ഷേ, എമര്‍ജിങ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണ് നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സി.ഇ.ഒ.കള്‍, ഉന്നതഉദ്യോഗസ്ഥര്‍, രാജ്യത്തെ പ്രമുഖ വാണിജ്യ വ്യവസായ ഐ.ടി. സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍നീണ്ട കഠിനയത്‌നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരികയാണ്. എമര്‍ജിങ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ.

ജിമ്മിന്റെ തുടര്‍ച്ച

2003-ല്‍ ആഗോള നിക്ഷേപകസംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണ് മറ്റു ചിലര്‍ എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്ന് നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009-ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. (http: / / www.wds.worldbank.org). കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപകസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ട് സിറ്റിപോലും ജിമ്മിന്റെ ഉത്പന്നമാണ്. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല.

ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള. എന്നാല്‍, പതിവു ബിസിനസ്സ് മീറ്റില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വെക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണ് ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?

മുന്‍ഗണനാ മേഖലകള്‍

കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോത്പന്നങ്ങളുണ്ട്. പുതിയ ജല വൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണ് നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിന് ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍മുടക്ക് ആവശ്യമാണ്.

അതേസമയം, സംസ്ഥാനത്തെ കരുത്തുള്ള മേഖലകളായ തീരദേശ ഗതാഗതം, ഉള്‍നാടന്‍ ജല ഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന പങ്കാളിത്തം

ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകയും സംരംഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പ്പോലും എമര്‍ജിങ് കേരളയ്ക്ക് ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, തുര്‍ക്കി, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്ന് 23- ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐ.ടി. സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമര്‍ജിങ് കേരളയുടെ രജിസ്‌ട്രേഷന്‍ നേരത്തേത്തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍ കേരളത്തിന് പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമര്‍ജിങ് കേരള.

കൂട്ടായ്മയാണ് ശക്തി

വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളൂ. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണ് നമുക്ക് വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണ് ചോരുന്നത്.

ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമര്‍ജിങ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരികയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.

ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നമുക്ക് മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരികയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

No comments: